2009 സെപ്റ്റം 27

ഫാദര്‍

ഞാന്‍ അബുദാബിയില്‍ ഒരു ഇലക്ട്രിക്ക് കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം, വര്‍ഷം കൃത്യമായി ഓര്‍മ്മയില്ലാട്ടോ, എന്റെ സഹ പ്രവര്ത്തകനായി ഒരു ഗോവക്കാരന്‍ സെക്രട്ടറി ഉണ്ടായിരുന്നു. ഒരു പാട് വര്‍ഷങ്ങളായി അബുദാബിയില്‍ ഉള്ള ഒരാള്‍, സത്യം പറഞ്ഞാല്‍ ഒരു അരപിരിയന്‍ എന്നു പറയാം, പക്ഷെ അങ്ങിനെയൊക്കെ ആണെങ്കിലും ആള്‍ നല്ലവനാണ്ട്ടൊ, ഒരു പരസഹായി, അവന്റെ ഈ പരസഹായം നിമിത്തം പുള്ളിക്കാരന് ആകെ പാപ്പരായി, അതു വേറെ കഥ.
പറയാന് വന്നത്,
ഒരിക്കല് അവന്റെ നാട്ടില്‍ നിന്നും ഒരു പള്ളിയിലെ വികാരി (അച്ചന്‍) അബുദാബിയില്‍ സന്ദര്‍ശനത്തിന് വന്നു. കൂടെ കൂടെ പലരും സന്ദര്‍ശനത്തിന് വരാറുണ്ടല്ലൊ, അതുപോലെ ഇദ്ദേഹവും എന്തോ ഫണ്ട് ശേഖരണാര്‍ത്ഥം വന്നതാണ്. നമ്മുടെ ഈ പരസഹായി സെക്രട്ടറി ഇയാളെ ഞങ്ങളുടെ ഓഫീസിലും കൊണ്ടുവന്നു, ഓഫീസ് ഒന്ന് കാണാനും, മറ്റുള്ളവരെ പരിചയപ്പെടലും കൂട്ടത്തില് ഫണ്ട് പിരിവുമായിരുന്നു ലക്ഷ്യം. എല്ലാവരേയും പരിചയപ്പെടുത്തിയ കൂട്ടത്തില്‍ വിദ്വാന്‍ അച്ചനേയും കൂട്ടി ഞങ്ങളുടെ ഫിനാന്‍സ് മാനേജറുടെ അടുത്തും പോയി, മാനേജര്‍ ഒരു ജോര്‍ദ്ദാനിയായിരുന്നു, അച്ചന്‍ ആണെങ്കിലോ വളരെ ചെറുപ്പവും, കൂടാതെ അച്ചന്മാര്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളൊന്നുമായിരുന്നില്ല (ളോഹ) ധരിച്ചിരുന്നത്, സാധാരണ പാന്റ്റും ഷര്ട്ടുമിട്ട്, നല്ല അടിപൊളി സ്റ്റൈലില്‍ ആയിരുന്നു. ഫിനാന്‍സ് മാനേജരുടെ മുറിയില് ചെന്ന ഉടനെ, അയാള്‍ തല ഉയര്‍ത്തി ആഗതരെ ഒന്ന് നോക്കി, അപ്പൊള്‍ നമ്മുടെ സെക്രട്ടറി മാനേജരോട് പറഞ്ഞു,
Sir, “this is our Father”
മാനേജര് ആകെ അമ്പരന്നുകൊണ്ട് ചോദിച്ചു,
Is this your Father?
കേട്ടു നിന്ന ഞങ്ങള്‍ പരിസരം പോലും മറന്ന് പൊട്ടിച്ചിരിച്ചുപോയി. ഇന്നും പഴയ സഹപ്രവ്ര്ത്തകരെ കാണുമ്പോള് ഈ കഥ പറഞ്ഞ് ചിരിക്കാറുണ്ട്.
Tags:

2009 ഓഗ 18

നിളതന്‍ ദു:ഖം

കളകളാരവം പൊഴിക്കുന്ന
നിളാനദിതന്‍ മണല്‍ത്തട്ടില്‍
കളിച്ചു വളര്‍ന്നതാണെന്റെ ബാല്യം
കാടുകളും മേടുകളും താണ്ടി
മന്ദമായി ഒഴുകുന്നെന്‍ നിളാനദി ഇന്നും,
സ്വച്ഛന്ദ സുന്ദരമാം കാവ്യം പോലെ.

ഇടവപ്പാതിതന്‍ കലിതുള്ളലും പിന്നെ
കര്‍ക്കിടമാസത്തിന്‍ താണ്ഡവവും
എല്ലാമൊരു പുഞ്ചിരിയാല്‍ തന്റെ
മാറിലേറ്റു വാങ്ങുന്നവള്‍ അമ്മ,
നിറഞ്ഞൊഴുകും സ്നേഹ വായ്പ്പോടെ
ഇരുകരകളെ തഴുകി കൊണ്ടൊഴുകിടുന്നു.

ഇന്നതെല്ലാം കഥകളിലും പിന്നെ
പഴമതന്‍ മനസ്സിലെ കിനാക്കളിലും മാത്രം
പുഴതന്‍ രക്തവും മാംസവും ഊറ്റി
സൌഹൃദരമ്യഹര്‍മ്മ്യങ്ങള്‍ തീര്‍ക്കുന്നു മര്‍ത്ത്യന്‍.
അമ്മതന്‍ മാറിനെ വീറോടെ വെട്ടി പൊളിച്ച്
കപ്പയും, വെള്ളരിയും, കുമ്പളവും നടുന്നു.

എല്ലാ നൊമ്പരവും നിശ്ശബ്ദം സഹിച്ച്
ശോഷിച്ച് പോയെരെന്‍ നിളാനദി
ഒരിറ്റ് ദാഹജലത്തിനായി കേഴുമ്പഴും
ശുഷ്കമാം തന്‍ കൈകള്‍ നീട്ടി
കരയെ പുണരാന്‍ ശ്രമിക്കുന്നു വൃഥാ.

മൌന നൊമ്പരം



എന്റെ ആദ്യ കവിത ( കവിത എന്ന് വിളിക്കാമോ എന്ന് അറിയില്ല)........


എന്‍ ചിത്തം വ്യാകുല മായതെന്തേ,
പ്രിയതന്‍ പരിദേവനങ്ങളോ അതോ
അമ്മതന്‍ പരിഭവങ്ങളോ
കുഞ്ഞുങ്ങള്‍ തന്‍ രോദനങ്ങളോര്‍ത്താവാം.
ഒരു സന്ദര്‍ശനത്തിന്റെ മാധുര്യവും പേറി
ഒരാണ്ടുവുഴുവന്‍ കഴിയുന്നതോര്‍ത്താവാം
എന്‍മനം കേഴുവതെന്തേ.....
നല്ല പാതിതന്‍ സ്നേഹത്തിന്‍ ചൂടോര്‍ത്തോ അതോ
അമ്മതന്‍ വാത്സല്യ ശകാരമോര്‍ത്തോ
കുഞ്ഞുങ്ങള്‍ തന്‍ കിളികൊഞ്ചലോര്‍ത്താവാം
എന്നിനി കാണുമെന്‍ പ്രിയരെയെന്നോര്‍ത്താവാം

ഒരു പിന്‍ വിളി കാതോര്‍ത്തു പടിയിറങ്ങവെ
അടക്കിപ്പിടിച്ച തേങ്ങലുമായി മൌനം പൂണ്ടതെന്തേ!
വിങ്ങുന്ന മനസ്സുമായി ഇറങ്ങുന്ന എന്‍ ദു:ഖം
കാണാതെ പോയതെന്തേ..... അതോ
കണ്ടില്ലെന്ന് നടിക്കുന്നതോ......