2010 ഏപ്രി 29

ഹര്‍ത്താലും കേരള ജനതയും

നമ്മുടെ കൊച്ചുകേരളം നൂറു ശതമാനം (?) സാക്ഷരതയുടെ പേരിലും, പ്രബുദ്ധരായ ജനങ്ങള്‍ ഉള്ളതിന്റെ പേരിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത് നമുക്കന്നെന്നും അഭിമാനിക്കാവുന്നതാണ്. പക്ഷേ...ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളം ഇന്ന് മറ്റൊരു മഹാരോഗത്തിന്റെ... അല്ലെങ്കില്‍ ഒരു വലിയ വിപത്തിന്റെ പേരിലും മുന്‍ നിരയില്‍ നില്‍ക്കുന്നു എന്നത് നമുക്കൊരിക്കലും അഭിമാനിക്കാവുന്നതല്ല. അതാണ് “ഹര്‍ത്താല്‍” എന്ന ഈ മഹാരോഗം. ഈ ഹര്‍ത്താല്‍ കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം ലഭിക്കുന്നുണ്ടോ? മുന്‍ കാലങ്ങളില്‍ ഇത് “ബന്ത്” എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് എന്നാല്‍ കോടതി ഇടപ്പെട്ട് ബന്ത് നിരോധിച്ചതോടെ, അതു ഹര്‍ത്താല്‍ ആയി മാറി. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയും കൂട്ടരും സ്വീകരിച്ച നിസ്സഹകരണ പ്രസ്ഥാനങ്ങളും, നിയമ ലംഘന സമരമുറകളും ബ്രിട്ടീഷുകാരെ നമ്മുടെ മണ്ണില്‍ നിന്ന് തുരത്താന്‍ സഹായിച്ചുവെങ്കിലും, ഇന്ന് നമ്മുടെ നാട്ടിലെ രാഷ്ട്രീയ കോമരങ്ങള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ കാരണം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. ഇരുപത്തെട്ടു സംസ്ഥാനങ്ങളും, ഏഴു യൂണിയന്‍ ടെറിട്ടറികളും ഉള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തില്‍ മാത്രം ആഘോഷിക്കുന്ന, അല്ലെങ്കില്‍ നമ്മുടെയെല്ലാം ഒരു ദേശീയ ഉത്സവമായ ഓണം പോലെ കൊണ്ടാടുന്ന മറ്റൊരു ഉത്സവമായി മാറിയിരിക്കുകയാണ് ഇന്നു ഹര്‍ത്താല്‍ .ജനങ്ങളില്‍ നിന്നും ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്നതാണത്രെ ജനാധിപത്യം!!! ആ ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന നമ്മുടെ നാട്ടില്‍, ആ തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ അവരെ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ ജീവിതം ദുരിതകയത്തില്‍ ആഴ്ത്തുമ്പോള്‍ പ്രബുദ്ധരായ ജനങ്ങള്‍ എന്നവകാശപ്പെടുന്ന നാം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഇന്ത്യന്‍ ജനാധിപത്യം ഉറപ്പുനല്‍കുന്ന, ഇന്ത്യയിലെ ഏതൊരു പൌരനും ഉണ്ടായിരിക്കേണ്ട മൌലികാവകാശങ്ങളിന്മേലുള്ള കടന്ന് കയറ്റത്തിനെതിരെ എന്തുകൊണ്ട് നാം അടക്കമുള്ള ജനസമൂഹം മൌനം പാലിക്കുന്നു? ഇന്ത്യന്‍ നിയമവ്യവസ്ഥിതി എന്തു കൊണ്ട് ഇതിനെതിരെ കണ്ണടക്കുന്നു?. ഏതാനും രാഷ്ട്രീയ കോമരങ്ങളുടെ വ്യക്തിപരമായ, രാഷ്ട്രീയപരമായ നേട്ടങ്ങള്‍ക്കുവേണ്ടി നമ്മുടെ യുവജനതയെ കരുവാക്കുന്നത് കണ്ടുകൊണ്ട് നാം എന്തിനു പുറം തിരിഞ്ഞു നില്‍ക്കണം?. നമ്മുടെ പ്രബുദ്ധത കൈമോശം വന്നുപോയൊ?നാം ചിന്തീക്കേണ്ട ഒരു കാര്യമുണ്ട്, സമരങ്ങളില്‍ കൂടി മാത്രമേ നമ്മുടെ അവകാശങ്ങള്‍ നമുക്ക് നേടിയെടുക്കാന്‍ സാധിക്കു എന്നത് ശരിതന്നെ. പക്ഷെ... നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍, ഈ ഭൂമിയില്‍ ശാന്തമായും സ്വസ്ഥമായും ജീവിക്കാനുള്ള മറ്റുള്ള ജനങ്ങളുടെ അവകാശങ്ങളേയും അധികാരങ്ങളേയും ഇല്ലാതാക്കാനും ചോദ്യം ചെയ്യാനും നമുക്ക് എന്ത് അധികാരമാണ് ഉള്ളത്?. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാണോ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്? ഈ ഹര്‍ത്താലുകള്‍ കൊണ്ട് കേരളത്തിലെ ജനങ്ങള്‍ എന്തു നേടി? അവര്‍ അനുഭവിക്കുന്ന ദുരിതമല്ലാതെ. ഇതിന് ആഹ്വാനം ചെയ്യുന്നവരുടെ തന്നെ ബന്ധുക്കളും, മിത്രങ്ങളും ഇതിന് ഇരയാവുന്നില്ലേ?. ഈ ഹര്‍ത്താല്‍ അല്ലാതെ, ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതരത്തിലുള്ള മറ്റ് സമരമുറകളൊന്നും ലഭ്യമല്ലേ?. ഒരോ ഹര്‍ത്താല്‍ കഴിയുമ്പോഴും, രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ഗംഭീര വിജയമെന്ന് അവകാശപ്പെടുമ്പോഴും, ഈ ഹര്‍ത്താല്‍ കൊണ്ട് ദുരിതം അനുഭവിച്ച, ശരിയായ ചികിത്സ സമയത്ത് ലഭ്യമാകാത്തതുമൂലം മരിച്ചുപോയ പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ള ജനസമൂഹത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ?. ഇതാണോ നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യം? അവകാശം? പ്രതികരിക്കൂ സുഹ്രുത്തുക്കളേ...ഇനി വൈകരുത്....നമ്മുടെ നാടിനെ...ജനങ്ങളെ...വരുംതലമുറയെ... ഹര്‍ത്താല്‍ എന്ന ഈ മഹാദുരന്തത്തില്‍ നിന്നും രക്ഷിക്കൂ....