ദേ……….. ഇത് കേള്‍ക്കുന്നുണ്ടോ?
അടുക്കള്യില്‍ നിന്നും സഹധര്‍മ്മിണിയാണ്…..
എന്താടോ ……. പറയൂ………
പുന്നാരമോൻ എന്തൊക്കെയാ ഒപ്പിച്ചു വെച്ചിരിക്കുന്നതെന്ന് അറിഞ്ഞില്ലേ….
എന്താ എന്തു പറ്റി?…………..
ഈ നശിച്ച സാധനത്തെക്കൊണ്ട് തോറ്റു……….. മനുഷ്യരുടെ മുഖത്തു നോക്കാന്‍ പറ്റാതായി……
എന്താടോ കാര്യം…….. ഒന്ന് തെളിച്ചു പറയു………
ഇവനൊന്നും പഠിക്കാനല്ല സ്ക്കൂളില്‍ പോകുന്നത് ……… പ്രേമിക്കാനാ…. മുട്ടയില്‍ നിന്ന് വിരിഞ്ഞില്ല…… അതിനു മുന്നെ ഒരു പ്രേമം……
പ്രേമം എന്ന് കേട്ടതേ മനസ്സില്‍ ഒരു വെള്ളിടി വെട്ടി……….
പ്രേമമോ………. അതും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരുത്തന്? ………………..
ശ്രീമതി മഴ തോര്‍ന്നാലും മരം പെയ്യും എന്ന് പറഞ്ഞപോലെ തുടരുകയാണ് …………….
താന്‍ ഒന്ന് മിണ്ടാതിരിക്കടൊ…… വെറുതെ ഒച്ചവെച്ചു ആള്‍ക്കാരെ അറിയിക്കാതെ……. ആണ്‍കുട്ടിളാകുമ്പോള്‍ ചില്ലറ തമാശകളൊക്കെ ഉണ്ടാകും……..
“ ഹൊ ഒരു താമാശ …….. ഇനി ആരും ഒന്നും അറിയാന്‍ ബാക്കിയില്ല …………. രക്ഷിതാക്കളെ വിളിച്ചുകൊണ്ട് വരാതെ ക്ലാസില്‍ കയറരുതെന്ന് പറഞ്ഞു വിട്ടിരിക്കുന്നു പ്രിസിപ്പല്‍ ………
ഓ……. അപ്പോള് അതാണ് കാര്യം…. ഇന്നത്തേക്ക് പണിയായി………
ദാ പിന്നെയും ശ്രിമതി നിര്‍ത്താനുള്ള ഭാവമില്ല…………….
അതെങ്ങിനാ ………… വിത്തു ഗുണം പത്ത് എന്നല്ലേ പ്രമാണം? ………… അപ്പോള്‍ പിന്നെ ഇതിലപ്പുറവും കേള്‍ക്കേണ്ടതായി വരും………
പുറത്തു ചന്നം പിന്നം പെയ്യുന്ന മഴയേയും നോക്കി ചാരുകസേരയില്‍ കിടക്കുന്ന കാപ്റ്റന്‍ ആര്‍. കെ. നായര്‍ എന്ന രാജേഷിന്‍റെ മനസ്സ് വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള തന്‍റെ കുട്ടികാലത്തിലേക്ക് മടങ്ങിപോയി………….
ഒരു ഭാഗത്തു നിറഞു കവിഞ്ഞു ഒഴുകുന്ന നിളാ നദിയുടേയും, മറുഭാഗത്തു പച്ച പരവതാനി വിരിച്ചപോലെ കിടക്കുന്ന വയലുകളുടേയും നടുവില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സ്ക്കൂള്‍……. സമീപവാസികളായ കുട്ടികളുടെ ഏക ആശ്രയം…… അന്ന് ഇന്നത്തെ പോലെ ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഒട്ടുമിക്ക കുട്ടികളും കാല്‍നടയായിട്ടാണ് സ്ക്കൂളില്‍ വന്നിരുന്നത്…….. കാലത്തും വൈകുന്നേരവും വെള്ളരി പ്രാവുകളെപോലെ നടന്ന് നീങ്ങുന്ന കുട്ടികളെ കാണുന്നത് തന്നെ ഒരു രസമായിരുന്നു.
തന്‍റെ വീട്ടില്‍ നിന്നും ഏകദേശം മുന്ന് കിലോമീറ്റര്‍ നടന്നു വേണം സ്ക്കൂളില്‍ എത്താന്‍. കൂട്ടുകാരുമായി വെടി പറഞ്ഞു നടന്നാല്‍ സ്ക്കൂളില്‍ എത്തുന്നത് തന്നെ അറിയില്ലായിരുന്നു.
ഒന്‍പതാം ക്ലാസിലെ ആദ്യ ദിനം…… അഞ്ചാം ക്ലാസുമുതല്‍ കൂടെ ഉണ്ടായിരുന്ന മിക്ക ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആ വര്‍ഷവും ക്ലാസ്സില്‍ ഉണ്ടായിരുന്നു, അതിനു പുറമെ കുറച്ചു പുതിയ കുട്ടികളും. ആദ്യ ദിനത്തിലെ ആദ്യ ബെല്‍……. എല്ലാവരും അക്ഷമയോടെ ക്ലാസ്സ് ടീച്ചറെ കാത്തിരിക്കുന്നു……. കഴിഞ്ഞ വര്‍ഷത്തിലെ ടീച്ചര്‍ തന്നെയായിരിക്കുമോ? …………. അറിയില്ല……. എല്ലാവരുടെയും മുഖത്ത് ആകാംക്ഷ. എല്ലാ ആകാംക്ഷക്കും അറുതി വരുത്തികൊണ്ട് സാവിത്രി ടീച്ചര്‍ ക്ലാസ്സില്‍ വന്നു…… കഴിഞ്ഞ വര്‍ഷത്തെ ക്ലാസ്സ് ടീച്ചര്‍ തന്നെ. കുട്ടികളെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ കരുതുന്ന ടീച്ചര്‍. എല്ലാവരുടെയും മുഖത്ത് സന്തോഷം ഓളം വെട്ടി. അതിലേറെ കഴിഞ്ഞവര്‍ഷത്തെ തന്‍റെ കുട്ടികളെ തന്നെ കിട്ടിയതില്‍ ടീച്ചര്‍ക്കും സന്തോഷം. മിക്കവാറും എല്ലാവരും പഴയ ആള്‍ക്കാര്‍ ആയതിനാല്‍, പരിചയപെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, എങ്കിലും പുതിയ കുട്ടികള്‍ക്കു വേണ്ടി എല്ലാവരും സ്വയം പരിചയപ്പേടുത്തി.
ആണ്‍കുട്ടികളുടെ സെക്ഷന്‍ കഴിഞ്ഞു പെണ്‍കുട്ടികളുടെ ഭാഗത്തെത്തിയപ്പോള്‍ എല്ലാ ആണ്‍കുട്ടികളും കണ്ണൂം കാതും കൂര്‍പ്പിച്ച് ഇരിപ്പായി. പുതിയ കുട്ടികളുടെ പേര് അറിയാനുള്ള താല്പര്യം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു. ഒന്നും രണ്ടും ബെഞ്ചു കഴിഞ്ഞു, മൂന്നാമത്തെ ബഞ്ചില്‍ എത്തി………. ആദ്യം അക്കരയില്‍ നിന്നും വരുന്ന ദേവി എഴുന്നേറ്റ് പേരും സ്ഥലവും പറഞ്ഞു, അടുത്ത ഊഴക്കാരി എഴുന്നേറ്റ് നിന്നു, പുതിയ കുട്ടിയാണ്…….. പേര് രമ……. സ്വദേശം ഗുരുവായൂര്….. ഇപ്പോ അക്കരെ താമസിക്കുന്നു….. അങ്ങിനെ ആ ചടങ്ങും കഴിഞ്ഞു. ഒരു വിധം കുട്ടികളുടെയല്ലാം പേര് മനസ്സിലായി, പ്രത്യേകിച്ച് രമയുടെ…. കാണാന്‍ തെറ്റില്ലാത്ത ഒരു കുട്ടി.
ക്ലാസ്സിന്‍റെ ഇടത്തു വശം, വാതിലിനടുത്തു പെണ്‍കുട്ടികളും , വലതു വശം ആണ്‍കുട്ടികളും അയിരുന്നു ഇരുന്നിരുന്നത്. മുന്‍ വശത്തുനിന്നും രണ്ടാമത്തെ ബഞ്ചില്‍ വലത് അറ്റം തന്റെ ഇരിപ്പിടം ആയിരുന്നു. എല്ലാ ക്ലാസ്സിലും അങ്ങിനെ ആയിരുന്നു. അതില്‍ ഒരു മാറ്റവും വന്നിരുന്നില്ല. എന്തോ ആ ഇരിപ്പിടത്തിനോട് ഒരു വല്ലാത്ത പ്രതിപത്തി ഉണ്ടായിരുന്നു. തൊട്ടു പിന്നിലെ സീറ്റില്‍, തന്‍റെ സുഹൃത്തുക്കളായ, ഉമ്മര്‍, സുരേഷ്, രഘു, പ്രകാശ് തുടങ്ങിയവരും ഇരുന്നിരുന്നു.
സാധാരണ സ്ക്കൂള്‍ ദിനങ്ങളെപ്പോലെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ദിവങ്ങള്‍ അടര്‍ന്ന് വീണു കൊണ്ടിരുന്നു.. തെറ്റില്ലാത്ത ഒരു സ്പോര്‍ട്സ് മാന്‍ ആയിരുന്ന തന്‍റെ ദിവസങ്ങള്‍ എന്നും തിരിക്ക് പിടിച്ചതായിരുന്നു. കാലത്തും വൈകിട്ടുമുള്ള പ്രാക്റ്റീസും, പഠിത്തവും, വീട്ടിലെ ജോലികളും അങ്ങിനെ എല്ലാം കൂടി ഒത്തൊരുമിച്ച് കൊണ്ടു പോകാന്‍ താന്‍ നന്നേ ബുദ്ധിമുട്ടി.
ക്ലാസിലെ അത്യാവശ്യം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ പെട്ടിരുന്നത് കൊണ്ടും, സ്കൂളിലെ സ്പോര്‍ട്സ് ടീമില്‍ അംഗമായിരുന്നത് കൊണ്ടും, ടീച്ചര്‍മ്മാര്‍ക്കെല്ലാം തന്നെ വലിയ കാര്യമായിരുന്നു.
എല്ലാം തകിടം മറയാന്‍ അധിക സമയം വേണ്ടി വന്നില്ല. മുന്‍ ബെഞ്ചില്‍ ഇരുന്നിരുന്ന താന്‍ കുട്ടുകാരോട് സംസാരിക്കാനായി പിന്നിലേക്ക് തിരിഞ്ഞിരിക്കുക പതിവായിരുന്നു. ഒരിക്കല്‍ പതിവു പോലെ പിന്നിലേക്ക് തിരിയുമ്പോള്‍ പെണ്‍കുട്ടികളുടെ മൂന്നാമത്തെ ബെഞ്ചില്‍ നിന്നും നാണത്തില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി കാണ്ടു. ഒരു മിന്നല്‍ പിണര്‍ പോലെ മനസ്സില്‍ പതിഞ്ഞ ആ ചിരിക്ക് ഇല്ലാത്ത അര്‍ത്ഥം കല്പിക്കാനൊന്നും അന്ന് മനസ്സിന് കഴിഞ്ഞിരുന്നില്ല. എങ്കിലും ആ ചിരി കാണുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം. പിന്നെ ഇടക്കിടക്ക് പിന്നിലേക്ക് തിരിയലായി……. അപ്പോഴെല്ലാം ദേവിയുടെ പിന്നിലേക്ക് സ്വല്പം മറഞ്ഞു നാണത്താല്‍ പുഞ്ചിരിരിക്കുന്ന രമയുടെ കണ്ണുമായി കൂട്ടി മുട്ടിയിരുന്നു. എന്നാല്‍ നോട്ടത്തില്‍ കവിഞ്ഞ് ഒരു സംഭാഷണവും ഉണ്ടായിരുന്നില്ലതാനും.
പലവട്ടം കക്കുമ്പോള്‍ ഒരു നാള്‍ പിടിക്കപ്പെടും എന്ന് പറഞ്ഞപോലെ, രമയുടെ അടുത്തിരിക്കുന്ന ദേവിക്ക് ഈ കള്ളകളി ഇഷ്ടപ്പെട്ടില്ല……………. ഒരു പക്ഷെ താഴ്ന്ന ക്ലാസുമുതല്‍ ഒന്നിച്ചു പഠിക്കുന്ന തന്നെ ഗൌനിക്കാത്തതിലുള്ള നീരസം കൊണ്ടാകാം. അവള്‍ ക്ലാസ്സ് ലീഡര്‍ ആയിരുന്ന ഉമ്മറിനോട് ഈ വിവരം പറഞ്ഞു…….. കേട്ടപാതി ………. ഒരു ഇഷ്യു ഉണ്ടാക്കി ഹീറോ ചമയാന്‍ കാത്തിരുന്ന ഉമ്മറിനു ഇതൊരു അസുലഭാവസരം ആയി. അന്ന് ഉച്ചക്കു ശേഷമുള്ള ആദ്യത്തെ ക്ലാസ്സ് ഫിസിക്സ് ആയിരുന്നു. പതിവു പോലെ ക്ലാസു ടീച്ചര്‍ കൂടിയായിരുന്ന സാവിത്രി ടീച്ചര്‍ ക്ലാസില്‍ വന്നു. പതിവു അറ്റന്‍ഡന്‍സിനു ശേഷം ക്ലാസ് തുടങ്ങാന്‍ തുനിഞ്ഞ ടീച്ചര്‍ എഴുന്നേറ്റ് നില്‍ക്കുന്ന ഉമ്മറിനെ കണ്ട് കാര്യം തിരക്കി:
“ടീച്ചര്‍ രാജേഷിനെതിരെ ഒരു പരാതി ഉണ്ട്”
പരാതിയോ!!? റ്റീചര്‍ അമ്പരന്നുകോണ്ട് ചോദിച്ചു …….. എന്ന്തു പരാതി? ആരുടെ പരാതി?
“ദേവിയുടെ’……… അയാള്‍ എപ്പോഴും പെണ്‍ക്കുട്ടികളുടെ ഭാഗത്തേക്ക്, പ്രത്യേകിച്ച് അവരെ നൊക്കി ഇരിക്കുകയാണെന്ന്” ഉമ്മര്‍ മൊഴിഞ്ഞു.
പൊതുവെ തമാശക്കാരിയായ ടീച്ചര്‍ തന്നോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു…… താന്‍ ആകെ ചുട്ട് പൊള്ളുകയായിരുന്നു……… പൊതുജന മദ്ധ്യത്തില്‍ തുണിയുരിക്കപ്പെട്ടവന്‍റെ അവസ്ഥ ………… ഇരിക്കാനും വയ്യ……… നില്‍കാനും വയ്യാത്ത അവസ്ഥ ………. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ……… ഇത്രകാലം കാത്തു സൂക്ഷിച്ച മാന്യത ………എല്ലാം പിച്ചിചീന്തപ്പെടാന്‍ പോകുന്നു……. പിന്നെ എന്തൊക്കെയോ ടീച്ചര്‍ ചോദിച്ചു…….. എന്തൊക്കെയോ മറുപടി പറഞ്ഞു ……. ആരൊക്കെയോ തന്നെ പ്രൊട്ടക്ട്ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു ……….…….. അവര്‍ എങ്ങിനെനെ അതു കണ്ടു…….. അവര്‍ ഇങ്ങോട്ട് നോക്കി ഇരിക്കുന്നത് കൊണ്ടല്ലേ അവന്‍ നോക്കുന്നത് കണ്ടത് തുടങ്ങി വാദപ്രതിവാദങ്ങള്‍ ……. താന്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല……. ഒരു നോക്കു കുത്തിയെപോലെ തല കുനിച്ച് നില്‍ക്കുകയായിരുന്നു……. ഈ ഭുമി പിളര്‍ന്നു താഴേക്ക് പോയിരുന്നെങ്കില്‍ എന്നുവരെ ചിന്തിച്ച നിമിഷങ്ങള്‍ .....അവസാനം തമാശ രൂപേണ ടീച്ചര്‍ പറഞ്ഞു , “ഇതെല്ലാം കോളേജില്‍ ചെന്നിട്ട് പോരേ രാജേഷ്?“……………….. അതു മാത്രം ഇന്നും വ്യക്തമായി ഓര്‍മ്മിക്കുന്നു ………………… ഒന്‍പതാം ക്ലാസ് കാരന്റെ പ്രേമം…….. അന്ന് സ്റ്റാഫ് റൂമില്‍ അതായിരുന്ന് ചര്‍ച്ച…………. തന്നെ സ്നേഹിക്കുകയും, താന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയിതിരുന്ന ടീച്ചര്‍മ്മാരുടെ മുന്നില്‍ താന്‍ ഒരു നോട്ടപുള്ളിയായി…………. സ്ത്രീലമ്പടനായി!! ആ കുരുന്ന് മനസ്സ് മനസ്സിലാക്കാന്‍ അന്നു ആരും ഉണ്ടായിരുന്നില്ല………പക്ഷെ, അവര്‍ ഒന്ന് അറിഞ്ഞില്ല, അതോടെ രാജേഷ് എന്ന കുട്ടിയുടെ, സ്പോര്‍ട്സ്മാന്റെ പതനവും ആരംഭിച്ചു എന്നത്. നിസ്സാരമായ ഒരു തെറ്റിന്‍റെ, അല്ലെങ്കില്‍ ആരുടേയൊ മനസ്സിലെ അസൂയയുടെ, പകയുടെ ബലിയാടായി തന്‍റെ സ്കൂള്‍ ജീവിതം.
കഴിഞ്ഞതെല്ലാം ഒരു തമാശരൂപേണ എടുക്കാനോ, തന്നെ സപ്പോര്‍ട്ട് ചെയ്യാനോ ആരും ഉണ്ടായിരുന്നില്ല…….. പൊതുവെ നാണം കുണുങ്ങിയായ താന്‍ കൂടുതല്‍ തന്നിലേക്ക് ചുരുങ്ങി. ഒരു തരം അപകര്‍ഷതാ ബോധം……….. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു……… ആരോടും മിണ്ടാട്ടമില്ല ………… സ്പോര്‍സിലും, പഠനത്തിലും കമ്പം കുറഞ്ഞു, എന്തിന്, സുകൂളില്‍ വരുന്നതു തന്നെ ഇഷ്ടമില്ലാതായി, അതിനു വേണ്ടി ഇല്ലാത്ത അസുഖങ്ങള്‍ പറഞ്ഞ് പലപ്പോഴും വിട്ടില്‍ ചടഞ്ഞ് കൂടി ഇരിപ്പായി. പാവം അമ്മ……….. തന്‍റെ മകന്‍റെ അസുഖം എന്താണെന്ന് അറിയാതെ മരുന്നും മന്ത്രവും അയി നടന്നു.
എങ്ങിനേയോ പത്താം തരം കഴിഞ്ഞു ………. എല്ലാവരും അവരവരുടെ വഴിക്ക് പിരിഞ്ഞു ……….. താനും………… കഴിഞ്ഞതെല്ലാം എല്ലാവരും മറന്നു……… പക്ഷെ തന്നെ താന്‍ അല്ലാതാക്കിയ ആ സംഭവം തന്‍റെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞില്ല ……….. ആ അപകര്‍ഷതാ ബോധവുമായി താനും മറ്റൊരു ജില്ലയിലേക്ക് വണ്ടി കയറി……….. നാട്ടില്‍ നിന്നും ഒരു രക്ഷപ്പെടല്‍. ആ ഒളിച്ചോട്ടമാണ് തന്നെ ഇന്നു കാണുന്ന ആര്‍. കെ. നായര്‍ ആക്കിയത്.
കോളേജിലെ എന്തിനും പോന്ന പുതിയ സുഹൃത്ബന്ധം പതിയെ പതിയെ തന്നില്‍ ഉറങ്ങി കിടന്നിരുന്ന ആ പഴയ രാജേഷിനെ തട്ടി ഉണര്‍ത്തി, പഠനത്തിലും , പഠനേതര വിഷയങളിലും മികവ് പുലര്‍ത്തിയിരുന്ന താന്‍ ചുരിങ്ങിയ കാലയളവിനുള്ളില്‍ തന്നെ കോളെജിലെ അറിയപ്പെടുന്ന വിദ്യാര്ത്ഥിയായി. എന്നാലും മനസ്സിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ എവിടെയോ ഒരു കനല്‍ എരിയുന്നുണ്ടായിരുന്നു. കലാലയ ജിവിതത്തിനുശേഷം സര്‍വ്വിസില്‍ ചേര്‍ന്ന താന്‍ ഇന്ന് അര്‍.കെ. നായര്‍ ആയി.
പെട്ടെന്നെന്തോ നിലത്ത് വീണ് ഉടയുന്ന ശബ്ദം കേട്ട് ഓര്‍മ്മയില്‍ നിന്നും ഞെട്ടി ഉണര്‍ന്ന രജേഷ്, ഒരു സൈനികന്‍റെ മന:സ്സാന്നിദ്ധ്യം വീണ്ടെടുത്ത് ഒരു തീരുമാനമെടുത്തു. തനിക്ക് സംഭവിച്ചത് തന്റെ മോന് സംഭവിക്കാന്‍ പാടില്ല………. തന്നെ പോലെതന്നെ നല്ലൊരു സ്പോര്‍ട്സ്മാന്‍ ആയ അവന്‍റെ ഭാവി, കരിയര്‍ ഇവിടെ ഈ നിസ്സാര പ്രശ്നത്താല്‍ തകരാന്‍ പാടില്ല. അതിന് എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുക തന്നെ വേണം.
ഉറച്ച തിരുമാനത്തോടെ മകനേയും കൂട്ടി സ്ക്കൂളില്‍ പോകാന്‍ തയാറായ രജേഷിനോട് ഭാര്യ ചോദിച്ചു …….. എന്തിനുള്ള പുറപ്പാടാണ്………. ഒരു എഴുത്ത് എഴുതി കൊടുത്തയച്ചാല്‍ പോരെ?….
“പോരാ ”……….. അത് ഒരു ഉറച്ച തീരുമാനമായിരുന്നു.
മകനേയും കൂട്ടി സ്കൂളില്‍ എത്തിയ രജേഷിന് പ്രിന്‍സിപ്പാള്‍ എതിര്‍കക്ഷിയുടെ രക്ഷിതാവുമായി സംസാരിക്കുന്നതിനാല്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു . ഏതാനും മിനിറ്റുകള്‍ക്കു ശേഷം പ്രിന്‍സിപ്പാലിന്‍റെ മുന്നിലേക്ക് ആനയിക്കപെട്ട, നെഞ്ചു വിരിച്ചു നിവര്‍ന്ന് നില്‍ക്കുന്ന ആ പട്ടാള ഓഫീസറെ കണ്ട് പ്രിന്‍സിപ്പാളായ ഉമ്മറും, എതിര്‍കക്ഷിയുടെ രക്ഷിതാവായ രമയും അമ്പരന്നു, അവര്‍ അറിയാതെ അവരവരുടെ ഇരിപ്പിടങ്ങളില്‍ നിന്ന് ഉയര്‍ന്നു .......നാവ് മന്ത്രിച്ചു………. രാജേഷ്…….. വര്‍ഷങ്ങള്‍ക്കു മുന്നെയുള്ള സംഭവങ്ങള്‍ അവരുടെ മനസ്സില്‍ ഒരു നിമിഷം മിന്നി മറഞ്ഞു!!!
നല്ല പോസ്റ്റ്.
മറുപടിഇല്ലാതാക്കൂവിത്തു ഗുണം പത്തു ഗുണം എന്നു തെളിയിച്ചു അല്ലെ :)
ഇതു വായിച്ചപ്പോള്‍ പഴയ സ്കൂള്‍ കാലം മനസില്‍ വീണ്ടും ഒന്ന് ഓര്‍ത്തെടുത്തു